VOL 03 |

ഓത്തുപുരയിലെ ഓർമ്മകൾ

By: സി.എച്ച് മുഹമ്മദ് കോയ

ഓത്തുപുരയിലെ  ഓർമ്മകൾ
പഴയകാലത്തെ പ്രാഥമിക മതപഠനകേന്ദ്രങ്ങളായിരുന്ന ഓത്തുപുരകളേയും മുസ്ലിം സമുദായത്തിൽ അന്നു നിലവിലുണ്ടായിരുന്ന മതപഠനസമ്പ്രദായത്തെയും സംബന്ധിച്ചു സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ സി.എച്ച്. എഴുതിയ ഒരു ലേഖനമാണിത്. 1952 ജൂൺ ഒന്നിന്റെ 'മാതൃഭൂമി' വാരികയിൽ പ്രസിദ്ധീകരിച്ച ഈ ലേഖനത്തിൽ എത്ര സരസമായാണ് അദ്ദേഹം കുട്ടിക്കാലത്തെ ഓർമ്മകൾ അയവിറക്കുന്നതെന്നു മനസ്സിലാക്കാം.

ഓത്തുപുരകൾ അപ്രത്യക്ഷമാവുകയും അവയുടെ സ്ഥാനം പ്രാഥമിക വിദ്യാലയങ്ങളിലെ മതപഠനക്ലാസ്സുകൾ കരസ്ഥമാക്കുകയും ചെയ്യുന്നതിന്റെ ഇടയ്ക്കുള്ള പരിവർത്തനകാലഘട്ടത്തിലാണ് എന്നെ ഓതാൻ കൂട്ടിയത്. ഞങ്ങളുടെ ഓത്തുപുരയിലെ അവസാനത്തെ മൊല്ലാക്ക അസയിൻ മുസല്യാർ എന്റെ മാതാ മഹനായിരുന്നു. ആ ഓത്തുപുരയുടെ സ്ഥാനം കരസ്ഥമാക്കിയ ബോർഡ് മാപ്പിള ഗേൾസ് - ബോയ്സ് സ്കൂളുകളിലെ ആദ്യത്തെ മുല്ലാ ടീച്ചർമാരായ മൊയ്തീൻകുഞ്ഞി മുസ്ല്യാരും ആമത് മുസ്ല്യാരും എന്റെ മാതുല ന്മാരുമായിരുന്നു.

കുറുമ്പനാടു താലൂക്കിന്റെ ഇങ്ങേ അറ്റത്തു കിടക്കുന്ന വേളൂരംശത്തിൽ പറക്കുളം വയലിനു സമീപത്തുള്ള ഒരോത്തുപുരയെക്കുറിച്ചാണ് ഞാൻ പയാൻ പോകുന്നത്. ഇതു നേരത്തെ തന്നെ പറയാൻ കാരണമുണ്ട്. ഓരോ സ്ഥലത്തെയും ഓത്തുപുരകളിലെ സമ്പ്രദായം ഓരോ മാതിരിയാണ്. മൊല്ലാക്കയുടെ പേരിന്നു പോലും വ്യത്യാസമുണ്ട്. ഞങ്ങളുടെ നാട്ടിൽ 'മൊയില്യാരെ' ന്നാണ് ഓത്തുപുരയിലെ ഗുരുനാഥനെ വിളിക്കാറ്. മുസ്ല്യാരെന്ന പദം പൊന്നാനി മുതലായ കോളേജ് 'ദറജ'യുള്ള ദറസുകളിൽ ഓതിയ മതപണ്ഡിതന്മാർക്കു നൽകുന്ന സ്ഥാനപേരാകയാൽ വെറും ഖുർആൻ പഠിച്ചു അതു പഠിപ്പിക്കുവാൻ മാത്രം പാടവം നേടിയവർക്ക് ആ പട്ടം നൽകിക്കൂടെന്ന പക്ഷക്കാരായിരിക്കണം മറ്റു നാട്ടുകാർ. കൊയിലാണ്ടിക്കാർ മല്ലമി (മുഅല്ലിം) എന്നാണ് ഓത്തുപുര വാദ്ധ്യാർമാരെ വിളിക്കാറ്. തലശ്ശേരിക്കാർ എന്തുകൊണ്ടോ സീതി എന്നു വിളിക്കുന്നു. കോഴിക്കോട്ടുകാർക്ക് അയാൾ 'മൊല്ലാക്ക'യാണ്. വെറും 'മുല്ല' എന്നും 'മൊല്ല'യെന്നും വിളിക്കുന്ന നാട്ടുകാരുമുണ്ട്. എന്നാൽ ഞങ്ങ

ളുടെ നാട്ടിൽ വലിയ പണ്ഡിതവര്യന്മാരായ മുസ്ല്യാക്കൾ അധികമില്ലാത്തതുകൊണ്ടാവാം, ബാപ്പയെ (മാതാമഹനെ ഞാനിങ്ങനെയാണ് വിളിച്ചിരുന്നത്. എന്റെ പിതാവിനെ കോഴിക്കോടൻ മാതൃകയിൽ വാപ്പച്ചിയെന്നും) എല്ലാവരും മുസ്ല്യാരെന്നു വിളിച്ചുപോന്നു. പൊന്നാനി റിട്ടേർഡായ വല്യമ്മാവനും, ഖുർആനും പത്തു കിത്താബുമോതി ഓത്തുപുര നടത്തുന്ന മൊല്ലാക്കയുമൊക്കെ ഉൾക്കൊള്ളത്തക്കവിധമുള്ള വിപുലാർത്ഥത്തിലാണ് ആ പദം ഞങ്ങളുടെ നാട്ടിൽ ഉപയോഗിക്കുന്നത്.

ഓതാൻകൂട്ടൽ

അക്കാലത്ത് ആറാം വയസ്സിലാണ് ഓത്തിനു കൂട്ടാറ്. ഇസ്ലാമിക നവവത്സരമായ മുഹറം 1-നെ തുടർന്നുവരുന്ന ആഴ്ചയിലായിരുന്നു ഈ പുണ്യകർമ്മം നടത്തിയിരുന്നത്. സ്കൂളുകൾ വന്നതിനുശേഷവും ഈ പതിവു കുറച്ചുകാലം തുടർന്നു വന്നു. അതുമൂലം നവാഗതരെ ഒന്നാംതരത്തിന്റെ താഴെ ഉണ്ടായിരുന്ന ശിശുത്തരത്തിൽ നിരീക്ഷികന്മാരായി നിർത്തുകയും ജൂൺ പിറക്കുമ്പോൾ ഔദ്യോഗികമായ പ്രവേശനം നൽകുകയുമാണ് പതിവ്. ഓതാൻ കൂട്ടുന്ന ദിവസം അയൽക്കാരെയും കുടുംബക്കാരെയും മറ്റും വിളിച്ചു ഒരു സദ്യനൽകാറുണ്ട്. അതിനുശേഷം ഖുർആനിലെ 'ഫാത്തിഹ' മൊല്ലാക്ക കുട്ടിയെക്കൊണ്ടോതിപ്പിക്കുന്നു. അന്നു ചില കൈമടക്കുകളും നൽകും. സാമാന്യം വിഭവസമൃദ്ധമായ ഒരു സദ്യയോടുകൂടി വലിയമ്മാമനും മറ്റും പങ്കെടുത്ത ഒരു സദസ്സിൽ എന്നെ ഓതാൻ കുട്ടിയതുനേരിയ നിലയിൽ ഞാനിപ്പോൾ ഓർമ്മിക്കുന്നു. ഞങ്ങളുടെ നാട്ടിൽ ഇപ്പോൾ ഈ ചടങ്ങുകളൊന്നും നടക്കുന്നില്ല. പക്ഷെ തലശ്ശേരിയിൽ കേയിമാരുടെ ഇടയിലും മറ്റും ഇത് ഇന്നും സാ ഘോഷം കൊണ്ടാടിവരുന്നുണ്ട്.

ചീരണി

ഒന്നാമത് ഓതാൻ ചെല്ലുന്ന ദിവസം എന്തങ്കിലും മധുരപലഹാരം കൊണ്ടുചെല്ലണമെന്നത് ഒരലിഖിത നിയമമായിരുന്നു. കലത്തപ്പം, ചക്കരയും തേങ്ങയും, ഈത്തപ്പഴം മുതലായവ'യിരുന്നു അന്നു പ്രചാരത്തിലുണ്ടായിരുന്നത്. ഇതിന്നു 'ചീരണി' എന്നായിരുന്നു പേർ. തേങ്ങ പുണ്ടിട്ടു കടിച്ചുകൂട്ടാൻ ഒരു ചക്കരകഷ്ണവുംആയി ഉപ്പാപ്പ കുട്ടികള്‍ക്കു ചീരണി വിതരണം ചെയ്ത് രംഗം ഇന്നും ഒരു 'മധുര' സ്മരണ' യായി അവശേഷിക്കുന്നു. നവാതിഥികളുടെ ആഗമന വേളയിൽ മാത്രമല്ല ചീരണി വിതരണം. ഓരോ ജുസുഅ് ചൊല്ലിയ്ക്കമ്പോഴും (വിശുദ്ധ ഖുർആന്റെ മുപ്പതുഭാഗങ്ങളിൽ ഓരോന്നും പൂർത്തിയാകുമ്പോഴും) യാസീൻ മുതലായ ഹൃദിസ്ഥമാക്കേണ്ട അദ്ധ്യായങ്ങൾ ഓതുമ്പോഴും ഈ നിർബ്ബന്ധ സൽക്കാരം നൽകേണ്ടതുണ്ട്. സൽക്കാര സാധനങ്ങൾ കൊണ്ടുവരാത്തവർ സതീർത്ഥ്യരുടെ അവജ്ഞയ്ക്കു മാത്രമല്ല വാധ്യാരുടെ ശകാരത്തിനും പാത്രമാകേണ്ടിവരും. അതിനാൽ ചീരണിയ്ക്കുവേണ്ടി നിരാഹാരവതവും വിലാപ പ്രകടനവും നടത്തിയ അനവധി സുഹൃത്തുക്കളെ ഞാനിപ്പോഴും ഓർക്കുന്നു. മാതാക്കളുടെ നേരെ മാന്തൽ, തല്ലൽ, കല്ലെറിയൽ തുടങ്ങിയ ചില്ലറ അക്രമ പ്രയോഗങ്ങളും അവർ നടത്താറുണ്ടായിരുന്നു. ചീരണിയില്ലാത്ത അപമാനം സഹിയ്ക്കവയ്യാതെ നാടു വിട്ടുപോയി ബർമ്മയിലും സിലോണിലും ചെന്നുകഷ്ടപ്പെട്ടു 'കൊച്ചു മുതലാളിമാരായി' വന്ന രണ്ടു മൂന്നുപേരും ഇല്ലാതില്ല.

വ്യാഴാഴ്ചപ്പുത്തനും

ജൂസിന്റെ വെള്ളിയും

പുത്തൻ, പൈസ, പണം, കാശ് എന്നിവയൊക്കെ പര്യായപദങ്ങളാണ്. മൊല്ലമാർക്ക് ശമ്പളമോ മറ്റു വിധത്തിലുള്ള വേതനങ്ങളോ അന്നു നൽകിയിരുന്നില്ല. അവരുടെ പ്രധാന വരുമാനം വ്യാഴാഴ്ചതോറും ലഭിക്കുന്ന കാലണയായിരുന്നു. ഈ വരിസംഖ്യ ഞങ്ങളുടെ വിദ്യാലയത്തിൽ വസൂലാക്കിയിരുന്നില്ല. പക്ഷേ അയൽപ്രദേശത്തുള്ള എല്ലാ ഓത്തുപുരകളിലും അതുകൊടുക്കേണ്ടിയിരുന്നു. ഏതാണ്ടു നിർബ്ബന്ധമായിരുന്ന ഈ ഫീസിനുവേണ്ടി മാതാക്കളുടെ കോന്തലകൾ പിടിച്ചു കരച്ചിൽ സത്യാഗ്രഹം നടത്തിയിരുന്ന പല ആൺകുട്ടികളെയും പെൺകുട്ടികളെയും ഞാനിപ്പോഴും ഓർക്കുന്നു. വ്യാഴാഴ്ചപ്പുത്തൻ കൊണ്ടുവരാത്തവരെ സതീർത്ഥ്യരുടെ സമീപംവെച്ചു പരസ്യമായി ശകാരിക്കുകയും മറ്റു ശിക്ഷകളിൽ ഇതിന്റെ വിഹിതം കലർത്തുകയും ചെയ്തതുകൊണ്ട് ഫീസുകൊടുക്കാതെ പഠനം തുടരുക പ്രയാസമായിരുന്നു. കേരവിഭവങ്ങളുടെ ആപൽക്കരമായ വിലകുറവും ഹേതുവായി. അന്ന് ഒരു മുക്കാലിന്ന് ഇന്നത്തെ കാലുറപ്പികയുടെ വിലയുണ്ടായിരുന്നു. പോരെങ്കിൽ വിദ്യാഭ്യാസത്തിനുവേണ്ടി ആഴ്ചതോറും ഒരു മുക്കാൽ ചിലവാക്കുന്നത് ഒരധികപ്പറ്റാണെന്നു കരുതിയിരുന്നു. രക്ഷിതാക്കന്മാരും അന്നുണ്ടായിരുന്നു. പിതാക്കൾ ഉദാസീനത കാണിച്ച ഇക്കാര്യത്തിൽ ഭക്തകളായ മാതാക്കൾ ശ്രദ്ധപതിപ്പിച്ചു. ചകിരി പിരിച്ചും പിശുക്കിയുമുണ്ടാക്കിയ പണത്തിൽനിന്നു അവരതു അടച്ചുപോന്നു. കുട്ടികൾക്കു അതിഥികൾ ദാനമായും ചില ഭേദപ്പെട്ടവർ റംസാൻ 27-ാം നാളിലും നൽകുന്ന പണവും മുളക്കുറ്റിയിൽ സൂക്ഷിക്കുന്ന കാശുകളും ഒരു മൊത്തസംഖ്യയായി ശേഖരിച്ചിരുന്ന മാതാക്കൾ ഇത്തരം അടിയന്തിരാവശ്യങ്ങൾ ക്കുവേണ്ടി അതുപയോഗിച്ചുവന്നു. പറങ്കിയണ്ടി പെറുക്കിക്കൂട്ടി വിറ്റു പണമുണ്ടാക്കി മുക്കാൽ നൽകിയിരുന്ന അദ്ധ്വാനശീലരായ ഒന്നു രണ്ടു സതീർത്ഥ്യരെയും ഞാനോർക്കുന്നുണ്ട്.

ജൂസിന്റെ വെള്ളി എന്നു പറയുന്നതു ഖുർആനിലെ ഓരോ അദ്ധ്യായം ഓതിക്കഴിയുമ്പഴും അദ്ധ്യാപകനു നൽകുന്ന 'ഗുരുദക്ഷിണ' യാണ്. എന്റെ അദ്ധ്യാപകനും മാതാമഹനും ഓരാളായതുകൊണ്ട് ഈ പ്രശ്നം എന്നെ അത്ര അലട്ടീട്ടില്ല. പക്ഷേ ജൂസിന്റെ പണം കൃത്യസമയത്തിനു 'പൂക്കിക്കാൻ സാധിയ്ക്കാത്ത' കുട്ടികളോട് ഉപ്പാപ്പ കുപിതനായി തട്ടിക്കയറിയതും ആ പാവങ്ങൾ ഉറക്കെ നിലവിളിച്ചതുമായ ചില രംഗങ്ങൾ എന്റെ മനസ്സിലുണ്ട്. അധികവും വിഷമിച്ചതു മത്സ്യക്കച്ചവടക്കാരുടെ മക്കളായിരുന്നു. മത്സ്യത്തിനു ഭയങ്കരമായ പഞ്ഞം സംഭവിയ്ക്കുമ്പഴാണവർ വിഷമിക്കാറ്. മക്കൾക്കു ചോറുകൊടുക്കണം. മുസ്ഹഫ് വാങ്ങണം. ഉടുക്കാൻ ഒരു തുണി വാങ്ങണം (അന്നു കുപ്പായം പരക്കെ ഉപയോഗിയ്ക്കാൻ തുടങ്ങിയിരുന്നില്ല) ചീരണി വേണം. എല്ലാ

റ്റിനും പുറമെ ജുസിന്റെ പണവും. പക്ഷേ വേറെ യാതൊരു വരുമാനവും ഇല്ലാത്ത വാധ്യാർക്കു ഈ ഫീസിളവു ചെയ്തു കൊടുക്കുവാൻ നിവൃത്തിയുണ്ടൊ? രക്ഷിതാക്കൾ റങ്കൂണിൽനിന്നു പണമയയ്ക്കാതെ വിഷമിയ്ക്കുന്നവരോടു വിട്ടുവീഴ്ച ചെയ്താൽ സംഖ്യ പിന്നീടു മടങ്ങി വന്നെന്നു വരാം. പക്ഷേ ഈ പാവപ്പെട്ട തൊഴിലാളികൾ അതെങ്ങിനെ അടയ്ക്കും?

കയ്യെഴുത്ത്

സ്കൂളുകളിൽ നടക്കുന്ന വാർഷിക സമ്മേളനങ്ങളുടെയും ഹിന്ദുസ്കൂകളിലെ പൂജയുടെയും ഒരു സമ്മേളിത രൂപമാണെന്നു പറയാവുന്ന കയ്യെഴുത്തുകളായിരുന്നു ഞങ്ങളുടെ ആണ്ടറുതികൾ. വിവിധ വസ്ത്രാഭരണ വിഭൂഷിതരായി വരുന്ന കൊച്ചു കൊച്ചാൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഒരു സമ്മേളനം. വിഭവസമൃദ്ധമായ സദ്യ. അതിനെതുടർന്ന്അദ്ധ്യാപകനു ദക്ഷിണ നൽകൽ. രണ്ടണ, നാലണ, എട്ടണത്തോതിൽ കയ്യിൽ അറബിമഷിക്കൊണ്ട് ഒരുഖുർആൻ സൂക്തം എഴുതിവെച്ചതിനെ ത്തുടർന്നായിരുന്നു ദക്ഷിണ നൽകിയിരുന്നത്. മിക്ക വിദ്യാർത്ഥികളും മഷി ഉണങ്ങിയതിനു മുമ്പ് നക്കിക്കുടിയ്ക്കും. അതു തങ്ങളുടെ പണത്തിനു സഹായമാകുമെന്നായിരുന്നു വിശ്വാസം.

നാട്ടിലെ പ്രധാന ഓത്തുപുരയായിരുന്ന ഞങ്ങളുടെ വീട്ടിൽ പൂർവ്വവിദ്യാർത്ഥികളുടെ ഒരു കയ്യെഴുത്തും

കഴിക്കാറുണ്ട്. ആ ദേശത്തെ മിക്കപൗരൻമാരും ഉപ്പാപ്പയുടെ വിദ്യാർത്ഥികളായതുകൊണ്ട് അതും നല്ല ഒരു വരുമാനമായിരുന്നു.

മറ്റു വരുമാനങ്ങൾ

ഓത്തു പുരവാദ്ധ്യാൻമാർക്കു ശമ്പളമില്ലെന്നും ജൂസിന്റെ പണം, കയ്യെഴുത്ത് വരവ്, ഓതാൻ കുട്ടു മ്പോൾ നൽകുന്ന ദക്ഷിണ മുതലായവ അവരുടെ വരവിനങ്ങളിൽപെടുമെന്നും മുകളിൽ സുചിപ്പിച്ചിട്ടുണ്ടല്ലോ. ഇതിനുപുറമെ ഗ്രാമത്തിലെ മിക്ക മുസ്ലിം വീടുകളിൽ നിന്നും എന്തെങ്കിലും സംഖ്യയോ സമ്മാ നമോ ഞങ്ങളുടെ വീട്ടിൽ കിട്ടിയിരുതെന്നു വേണ്ടപ്പെട്ടവരെ അറിയിക്കാറുണ്ട്. ഓത്തുപഠനത്തിൽ കൂടുതൽ താൽപര്യം കാണിച്ചത് സ്ത്രീകളായിരുന്നു. ഓത്തു പഠിക്കാത്ത പെണ്ണിനെ അന്നാരും കല്യാണം കഴിക്കില്ല. ഈ കാരണം കൊണ്ട് ഉപ്പാപ്പക്ക് ധാരാളം വിദ്യാർത്ഥിനികളുണ്ടായിരുന്നു. ഭർത്താക്കന്മാർ വല്ലതും അയച്ചാൽ ഭാര്യമാരൊരിയ്ക്കലും ഗുരുഭൂതരെ മറക്കുകയില്ല. വീടുകളിൽ നടക്കുന്ന നേർച്ച, മൗലുദ്, മുടികളച്ചിൽ, മാർക്കക്കല്യാണം മുതലായ ചടങ്ങുകൾക്കെല്ലാം ഏർപ്പാടു ചെയ്യുമ്പോൾ ഗുരുദക്ഷിണക്കും ഒരു സംഖ്യ വകയിരുത്തും. ഗർഭിണികളുടെ വീട്ടിലുള്ള വേദപുസ്തക പാരായണം, ഭേദപ്പെട്ടവരുടെ ഗൃഹങ്ങളിൽ തുടർച്ചയായി നടത്തുന്ന ഓത്ത്, മരിച്ചവരുടെ പേരിൽ ഖബറിൻ പുറത്തും വീട്ടിലും നടത്തുന്ന ഓത്ത് മുതലായ പ്രതിഫലമുള്ള ജോലികൾക്കു മുൻഗണന ലഭിക്കാറും ഓത്തു പഠിപ്പിച്ചവർക്കുതന്നെയാണ് ആണ്ടിൽ മൂന്നൂറ്ററുപതു ദിവസവും ഉപ്പാപ്പയ്ക്കു പുറത്തു സദ്യയായിരുന്നു. പ്രമാണിമാരുടെ സക്കാത്ത് മിയ്ക്കപ്പോഴും ഒരു പ്രഹസനമായിരുന്നു. എന്നാൽ ഉപ്പാപ്പയ്ക്കു സംഖ്യകൊടുക്കാൻ ഒരാളും മറക്കുകയില്ല. ആ കുട്ടത്തിൽ കുട്ടികളായ ഞങ്ങൾക്കും ചിലതെല്ലാം കിട്ടിയിരുന്നു.

കൊയ്ത്തുകാലത്തു നെല്ല്, മാങ്ങ, ചക്ക മുതലായവയും ഗുരുദ ക്ഷിണയായി നൽകാറുണ്ട്. പറക്കുളത്തിലെ മീൻപിടുത്തത്തിന് വരുന്ന പൂർവ്വവിദ്യാർത്ഥികൾ പിടിയ്ക്കുന്ന മീനിന്റെ ഒരോഹരിപോലും ഞങ്ങൾക്ക് തന്നിട്ടേ ബാക്കി കൊണ്ടുപോകാറുള്ളൂ.

ഇന്ന് പൊതുജനങ്ങളുടെ ഔദാര്യബുദ്ധിയെ മാത്രം ആശ്രയിച്ചിരുന്നാൽ മൊല്ലാക്ക പട്ടിണി കിടക്കുകയേ ഉള്ളു. അന്നത്തേക്കാൾ ഞങ്ങ ളുടെ ഗ്രാമം ഇന്നു ധനപരമായി നന്നായിട്ടുണ്ട്. പക്ഷേ, ജനങ്ങൾ ഔദാര്യശീലമെല്ലാം ഉപേക്ഷിച്ചിരിക്കുന്നു. ഓത്തുപുരകളുടെ സ്ഥാനം ഡിസ്ട്രിക്ട് ബോർഡ് സ്കൂളുകളിലെ മുല്ലമാർ കരസ്ഥമാക്കി. ഇപ്പോൾ സ്ക്ളുകളിൽ മതപഠനം പാടില്ല. അതിനാൽ ഓരോ സ്ക്കൂളിനോടും അനു ബന്ധിച്ച് മദ്രസകൾ ഉയർന്നുവരുന്നു.

ചില ശിക്ഷാസമ്പ്രദായങ്ങൾ മുരിവടിപോലത്തെ ഒരു വടിയുണ്ടാക്കി പൈതങ്ങളെ പൊതിരെ തല്ലുന്നത് വിദ്യാഭ്യാസത്തിന്റെ ഒരവിഭാജ്യഘടകമാണെന്ന് അദ്ധ്യാപകരും, അങ്ങിനെ ചെയ്യാഞ്ഞാൽ കുട്ടികൾ നന്നാവില്ലെന്ന് രക്ഷിതാക്കളുംഅന്ന് വിശ്വസിച്ചിരുന്നു. തല്ലിന്നുള്ള വടികൾ വിദ്യാർത്ഥികൾതന്നെയാണ് കൊണ്ടുപോയി കൊടുക്കാറ്. വേഗം ഓത്തു പഠിക്കാത്തതിനും ഓത്തു പുരയിൽ സംസാരിച്ചിരുന്നതിനും 'യാസീൻ' എന്ന അദ്ധ്യായം ഹൃദി സ്ഥമാക്കു ന്നതിൽ വൈമുഖ്യം കാണിച്ചതിനുമാണ് കൂടുതൽ തല്ല്. ഉപ്പാപ്പ എവിടെയെങ്കിലും പോയിവറുമ്പോ ൾ ഞങ്ങൾ വിദ്യാർത്ഥികൾ ഉറക്കെ സംസാരിക്കുകയായിരിക്കും. ഉടനെ ഉപ്പാപ്പ ഒരു കൂട്ടത്തല്ല് പാസ്സാക്കും. എത്രയോ നിരപരാധർ ഈ കൂട്ടപ്പിഴ സഹിക്കേണ്ടിവന്നിട്ടുണ്ട്.

ആദ്യം വന്ന കുട്ടിയ്ക്ക് ഒരടി, രണ്ടാമത് വന്നവനു രണ്ട്, ഒടുവിൽ വന്ന വന് മൂപ്പതും നാൽപതും. ഇങ്ങിനെ കയ്യടി നൽകുന്ന സമ്പ്രദാ യമുണ്ടായിരുന്നു. ഓത്തു കഴിഞ്ഞു പോകുമ്പോഴാണ് ഈ സമ്മാനം കിട്ടുക.

ഏത്തം ഇടുവിയ്ക്കുക, കണ്ണിൽ മുളകെഴുതുക മുതലായ പ്രാകൃത രിക്ഷാസമ്പ്രാദയങ്ങളും നടപ്പിലു ണ്ടായിരുന്നു. പൊറുതിമുട്ടുമ്പോൾ കള്ളമൂരികൾക്കുമാത്രം പ്രയോഗി ക്കാൻ വേണ്ടി കരുതിവെച്ച ചില

പ്രത്യേകാധികാരങ്ങളായിരുന്നുഅവ. ഏതായാലും ശിക്ഷ കൊണ്ടും ഭയപ്പെടുത്തിയും പഠിപ്പിയ്ക്കുക എന്ന ആ പ്രാകൃത സമ്പ്രദായം ഹേതുവായി വിദ്യാർത്ഥികൾ ഓത്തു പുരയെ ഒരറവുശാലപോലെ വെറുത്തു. കാളമൂരികളെ മുളയിന്മേൽ കെട്ടി തലകീഴായി എടുത്തുകൊണ്ടു പോകുന്നത് കണ്ടിട്ടില്ലേ? അതു പോലെ എത്രയോ ഓത്തുക്കള്ളന്മാരെ രണ്ടും മുന്നും പേർ പറങ്കിമാവിൻ മുകളിൽ നിന്നും മറ്റും പിടിച്ചു ബന്ധസ്ഥരാക്കി ഓത്തുപുരയിൽ കൊണ്ടുവന്ന ചില രംഗങ്ങൾ ഞാനോർക്കുന്നു. അത്തരം 'കള്ളമൂരി'കളിൽ പലരും ഇന്ന് നാളികേരത്തിന്റെയും കുരുമുളകിന്റെയും വിലവർദ്ധനയും ചില്ലറ 'കച്ചവട' ങ്ങളും ആയുധമാക്കി കൊച്ചുകൊച്ചു മുതലാളിമാരായി തീർന്നിട്ടുണ്ട്.

പഴഞ്ചൻ പഠനസമ്പ്രദായം

ഓത്തുപുരകളിലെ പഠനസമ്പ്രദാ യത്തിന്റെ അശാസ്ത്രീയതനിമിത്തം പഠനം പൂർത്തിയാക്കാൻ വളരെഅധികം സമയം പിടിച്ചു. ആദ്യം
'ഹരിഃ ശ്രീ ഗണപതയേ'' പോലെ ചില വാക്യങ്ങൾ ഉരുവിടാൻ പഠിപ്പിക്കും. പിന്നെ അക്ഷരമാലയിലെ അലിഫ്, ബാ, താ തുടങ്ങി വഴിയ്ക്കുവഴി പഠിപ്പിക്കും. 'അലിഫിനു പുള്ളിയില്ല. ബായ്ക്കൊരു പുള്ളി' എന്നിങ്ങനെയുള്ള ലക്ഷണങ്ങളും തത്തമ്മയെപ്പോലെ പഠിക്കണം. 'താ' യ്ക്കു എത്ര പുള്ളി എന്ന പരീക്ഷണ ചോദ്യം പോലും ചോദിക്കില്ല. ഏറ്റവും പഴഞ്ചനായ ഒരു കുട്ടിവായനാ സമ്പ്രദായവുമുണ്ട്. ചുരുക്കത്തിൽ ആദ്യത്തെ ഒന്നുരണ്ടു വർഷങ്ങൾ 'തത്തമ്മേ പൂച്ച പൂച്ച' പറഞ്ഞും തല്ലുകൊണ്ടും വെറുതെ കളയണം. അഞ്ചാറു കൊല്ലം കൊണ്ടാണ് 'ഖുർആൻ' അർഥമറിയാതെ വായിക്കാൻ പഠിക്കുന്നത്. ചില ഓത്തുപുരകളിൽ അത്യാവശ്യം മതവിജ്ഞാനവും നൽകും.

അതും ഏറ്റവും പഴഞ്ചനായ കിത്താബോത്ത് സമ്പ്രദായമനുസരിച്ചാണ്. രണ്ടുകൊല്ലം കിത്താബോതിയാലും ആചാരാനുഷ്ഠാനങ്ങളുടെ മൗലികപാഠങ്ങൾ കുടി പഠിക്കാനാവില്ല. 'റരത' സമ്പ്രദായം പോലെ പ്രയാസം കുറഞ്ഞ അക്ഷരങ്ങൾ പഠിപ്പിച്ചു കൂട്ടി വായന മനസ്സിൽ പതിപ്പിക്കുന്നതും ബാലമസ്തിഷ്ക ത്തിനു പറ്റുന്നതുമായ നവീനസമ്പ്രാദയപ്രകാരം 6 മാസം പഠിച്ചാൽ ഖുർആനും ചില അറബി ഗ്രന്ഥങ്ങളും അർത്ഥമറിയാതെ വായിക്കാൻ സാധിക്കും. മതാനുഷ്ഠാന തത്വങ്ങൾ ചെറുപാഠങ്ങളായി വിവരണസഹിതം പഠിപ്പിച്ചാൽ എളുപ്പത്തിൽ കുട്ടികൾക്കു മനസ്സിലാവും. ഈ സമ്പ്രദായം നടപ്പിൽ വന്നതോടെ പണ്ടുപെണ്ണുകെട്ടുമ്പോൾ ഓത്തു മതിയാക്കുന്ന പതിവും പോയി. ചെറുപ്രായത്തിൽതന്നെ സാമാന്യമായ മതജ്ഞാനം നേടാൻ വിദ്യാർത്ഥികൾക്കുസാധിക്കുന്നുണ്ട്. അറബി ലിപികളിൽ ചില പ്രത്യേക കുത്തുകൾ ചേർത്ത് ഏഴക്ഷരങ്ങൾ കൂടി അധികരിപ്പിച്ചാൽ റോമൻ ലിപികളിലെന്നപോലെ മലയാളമെഴുതാൻ സാധിക്കും. ഓത്തുപുരകളിൽ പഠിച്ച മിക്ക പെൺകുട്ടികൾക്കും ഇതറിയാം. ഈ ലിപിയിൽ എഴുതിയ ഒട്ടധികം മതഗ്രന്ഥങ്ങളും നോവലുകളും വൈദ്യഗ്രന്ഥങ്ങൾ പോലുമുണ്ട്. ശ്രുതിമധുരമായ മാപ്പിളപ്പാട്ടുകളെല്ലാം തന്നെ ഈ ലിപിയിലാണ്. ഒന്നുരണ്ടു മാസികകളും കാണും. ഇതെല്ലാം ആസ്വദിക്കുവാൻ മുസ്ലിംകളിൽ നൂറ്റുക്കു തൊണ്ണൂറു പേർക്കും സാധിക്കും. ഇതിനെ അക്ഷരജ്ഞാനവുമായി അംഗീകരിയ്ക്കയാണെങ്കിൽ മലബാറിലെ മുസ്ലിം സ്ത്രീകളുടെ സാക്ഷാരതാശതമാനം 95-ഓളം വരും. മാപ്പിളക്കവിതകൾക്കാൻകുടി പാടവമുള്ള പല മഹിളകളുമുണ്ട്.

കാലോചിതമായ പരിഷ്ക്കാരങ്ങൾ വരുത്താൻ കുട്ടാക്കാത്തതു കൊണ്ട് ഓത്തുപുരകൾ ഇപ്പോൾ നാമാവശേഷമായിരിക്കുന്നു. ഇന്നത്തെ പല മാപ്പിള സ്ക്കുളുകളുടെയും ഉത്ഭവം ഇത്തരം ഓത്തുപുരകളിൽ നിന്നായിരുന്നുവെന്നുകാണാം. കാലത്തിന്റെ വെള്ളപ്പൊക്കത്തിൽ ഓത്തുപുരകൾ അടി പുഴകിപ്പോയി. പക്ഷേ ചെങ്കല്ലിൽ നിന്നുള്ള ചീടിമണ്ണു തേച്ച മുക്കും കയറുമുള്ള മരപ്പലകയിന്മേൽ ഇന്ത്യൻ മഷികൊണ്ടു പരിശുദ്ധ ഖുർആൻ എഴുതി ആ പലകയും മടിയിൽവെച്ച് ഒരേപായയിലിരിക്കുന്ന സതീർത്ഥ്യരൊരുമിച്ച് നീട്ടിവലിച്ച് ഉറക്കെ ഓതിപ്പഠിച്ച ആ കാലം എന്റെ മനോദർപ്പണത്തിൽ നിന്നുമായുന്നില്ല.