VOL 03 |

എഴുത്തും രാഷ്ട്രീയവും സമന്വയിപ്പിച്ച കലാകാരൻ

By: സി.പി. ശ്രീധരൻ

എഴുത്തും രാഷ്ട്രീയവും  സമന്വയിപ്പിച്ച കലാകാരൻ
സി.എച്ച് മുഹമ്മദ്കോയയുടെ നിര്യാണം അക്ഷരാർത്ഥത്തിൽ വാർത്തകേട്ട് ഞെട്ടാത്ത ആരുമുണ്ടാവില്ല. കേരള സംസ്ഥാനത്തിന്റെ ശിൽപികളിൽ മുഖ്യസ്ഥാനമർഹിക്കുന്നവരിൽ ഒരാളായതുകൊണ്ടോ, മന്ത്രിയായും മുഖ്യമന്ത്രിയായും സ്പീക്കറായും മുസ്ലിം ലീഗിന്റെ അനിഷേധ്യ നേതാവായും ജനാധിപത്യ വിശ്വാസികളുടെ പടത്തലവനായും കേരളീയ ജനതയുടെ ഭാഗധേയം നിർണയിച്ച വലിയ മനുഷ്യരിൽ ഒരാളായതുകൊണ്ടോ മാത്രമുള്ളതല്ല ഈ ഞെട്ടൽ. ആ നിലകളിലെല്ലാം അദ്ദേഹം കേരള ജനതയുടെ ഹൃദയത്തിൽ പ്രതിഷ്ഠിതനായിരുന്നു. ആളുകളധികം ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു മു ഹമ്മദ്കോയയുണ്ട്. രാഷ്ട്രീയ കോലാഹലങ്ങൾക്കിടയിലും മത്സരങ്ങൾക്കിടയിലും വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്ത ഒരു മുഹമ്മദ്കോയ. മുസ്ലിം ലീഗ്, വർഗീയ കക്ഷിയാണെന്നും മുസ്ലിം സമുദായത്തിന്റെ കാര്യങ്ങൾക്കുവേണ്ടി സംസാരിക്കമ്പോ ൾ സി.എച്ച് വർഗീയവാദിയായി മാറുന്നുവെന്ന് അഭിപ്രായപ്പെടുന്നവർക്കുപോലും മറക്കാനാവാത്ത ഒ രു മുഹമ്മദ്കോയ. മനുഷ്യസ്നേഹിയായി, ജാതിമതാതീതനായി സുഹൃത്തുക്കൾക്കും വ്യക്തികൾക്കും വാസനയുള്ളവർക്കുംവേണ്ടി പരമാവ ധി സഹായം ചെയ്യുന്ന സി.എച്ച്; മ നുഷ്യസ്നേഹിയായ സി.എച്ച്. അഗാധതല സ്പർശിയായ ഈ മനുഷ്യസ്നേഹത്തിന്റെ അംശമാണ് അദ്ദേഹത്തിന്റെ തൂലിക ശക്തമെങ്കിലും ആർദ്രവും മധുരവുമാക്കിത്തീർക്കുന്നത്. സ്നേഹാർദ്രമല്ലാത്ത ഒരു ഹൃദയത്തിനും പ്രസാദമധുരമായ ഭാഷാ ശൈ ലിയുടെ ആർദ്രാനുഭൂതി പകരാനാവില്ലെന്നതാണ് സത്യം.

സി.എച്ചിനെക്കുറിച്ചെഴുതാൻ എനി ക്കു വിഷമമാണ്. എന്റെ വ്യക്തി ജീവിതവുമായി അത്രയേറെ ആഴത്തിൽ ബന്ധപ്പെട്ട മഹാമനസ്സ്കനാണദ്ദേഹം. ഈയിടെ കണ്ടുമുട്ടിയപ്പോൾ, കൂടെയുണ്ടായിരുന്ന നേതാക്കൾ എ ന്നെ പരിചയപ്പെടുത്താൻ ശ്രമിച്ചു. സി.എച്ച് അപ്പോൾ പറഞ്ഞതന്തെന്നോ? സി.പിയെ ഞാനെപ്പോഴാണ് പരിചയപ്പെട്ടതെന്ന് സിപി പോലും ഓർക്കുന്നുണ്ടാവില്ല. 1949-ലോ 1950 -ലോ? ഞാനുമൊന്നന്ധാളിച്ചു. കാരണം 1952 മുതൽക്കു കോഴിക്കോട്ടെ സാഹിത്യസാംസ്കാരിക പ്രവർത്തനങ്ങളുമായി ബന്ധപ്പെടുകയും മലയാള മനോരമയുടെ മലബാർ ഓഫീസിന്റെ ചുമതലയേറ്റടുക്കുകയും ചെയ്തതു മുതലാണ് ഞങ്ങളുടെ പരിചയമെന്നാണെന്റെ ഓർമ. പക്ഷേ, സി.എച്ച് പറഞ്ഞു: സി.പി ഒരു വിദ്യാർത്ഥിയായിരിക്കുമ്പോൾ, ഞാൻ വിദ്യാ ർത്ഥിജീവിതം അവസാനിപ്പിച്ച വർഷം നമ്മൾ ഒന്നിച്ചു പ്രസംഗിച്ചിട്ടണ്ട്. എന്റെ നാട്ടിന്നടുത്ത ഒരു ലൈബ്രറിയിൽ.

ശരിയാണ്. രോഗബാധിതനായി ക രുതപ്പെട്ട ഒരു സന്ദർഭത്തിൽ അദ്ദേഹത്തിന്റെ ഓർമശക്തി ഇത്ര ആഴത്തി ൽനിന്ന് പരിചയക്കുറിപ്പ് പുറത്തെടുത്തത് എന്നെ വിസ്മയിപ്പിച്ചു.

അമ്പതുകളുടെ ആദ്യം മുതൽക്കുതന്നെ മലബാർ ജേർണലിസ്റ്റ് അസോസിയേഷൻ പ്രസിഡണ്ടായി സി.എച്ചും സെക്രട്ടറിമാരിലൊരാളായി ഞാനും ഒന്നിച്ചു പ്രവർത്തിച്ചിരുന്നു. പിന്നീട് വർക്കിംഗ് ജേർണലിസ്റ്റ് സംഘടന രൂപപ്പെട്ടപ്പോൾ കൃഷ്ണവാരിയർ പ്രസിഡണ്ടും സി.എച്ച് വൈസ് പ്രസിഡണ്ടും ഞാൻ സഹകാര്യദർശിയുമായി പ്രവർത്തിച്ചു. കലാ-സാംസ്കാരിക രംഗത്ത് ഒട്ടേറെ ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു. ചന്ദ്രികയുടെ പത്രാധിപരെന്ന നിലയിലും വാഗ്മി എന്ന നിലയിലും അന്നുതൊട്ടേ പൊതുജീവിതത്തിന്റെ നേതൃത്വത്തിൽ അദ്ദേഹമുണ്ടായിരുന്നു. എന്നാൽ മാതൃഭൂമിയിലും മറ്റു പത്രങ്ങളിലും ചരിത്രലേഖനങ്ങളും വിമർശനങ്ങളും എഴുതിവന്ന എം. കെ. അത്തോളി സി.എച്ച് മുഹമ്മദ്കോയയാണെന്നു അധികമാരും അറിഞ്ഞിരുന്നില്ല. സമഭാവനയോടെ പെരുമാറാനുള്ള സാധാരണക്കാരനെപ്പോലെ സി.എച്ചിന്റെ കഴിവ് ആരെയും ആകർഷിക്കുമായിരുന്നു.

നർമ്മോക്തികൊണ്ട് ഹൃദ്യവും യുക്തിനിഷ്ഠ കൊണ്ട് ഭദ്രവും വിജ്ഞാനതൃഷ്ണകൊണ്ട് നിർഭരവുമായ ആ രചനകളിൽ, മനുഷ്യ മഹത്ത്വത്തിന്റെയും ആദർശ മഹിമയുടെയും ധാർമിക ലാവണ്യത്തിന്റെയും പേരിൽ ആവേശംകൊള്ളുന്ന ഒരന്വേഷകനെ കാണുവാൻ കഴിയും. ഇസ്ലാമിക സംസ്കാരത്തെയും ഭാര തീയ സംസ്കാരത്തേയും ഇരുകരങ്ങൾക്കൊണ്ട് താലോലിച്ചാഹ്ലാദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന ലാവണ്യ മുഗ്ദ്ധമായ ഒരു ഹൃ ദയം അവയിൽ തുടിച്ചിരുന്നു. സി.എച്ച് എന്തെഴുതിയാലും അതി നൊരു റിയാലിറ്റി ഉണ്ടായിരുന്നു. സി.എച്ച് നർമസല്ലാപങ്ങളിൽ പ്രസിദ്ധനാണ്. ഒന്നാന്തരമൊരു (conversati onaliat)സംഭാഷണ ചാതുരൻ.

വാഗ്മികളും സാഹിത്യകാരന്മാരും സാധാരണ സല്ലാപ ഭാഷണങ്ങളിൽ അരസികന്മാരും ബോറൻമാരുമാകാം. സി.എച്ച് ഒരിക്കലും അരസികനാവില്ലെന്നു മാത്രമല്ല, സരസതയുടെ, ഔചിത്യബോധത്തിന്റെ കല അദ്ദേഹത്തിനുവശമാണ്. അദ്ദേഹം സംസാരിക്കുകയും സംസാരം കേൾക്കുകയും ചെ യ്യും. എത്രയോ മധുരമായ അത്തരം അനുഭവങ്ങൾ ഉണ്ട്. അദ്ദേഹത്തോടൊപ്പം അനവധി സദസുകളിൽ പ്രസംഗിക്കാനിടവന്നിട്ടുണ്ട്. ഒന്നിച്ചിരുന്ന സന്ദർഭങ്ങളിൽ പലപ്പോഴും അ ദ്ദേഹം ചില സംശയങ്ങൾ ചോദി ക്കും. സംസ്കാരത്തിന്റെയും പുരാണേതിഹാസങ്ങളുടെയും ചില കാ തലായ വശങ്ങളെക്കുറിച്ച് ജിജ്ഞാസുവായ ഒരു വിദ്യാർത്ഥിയുടെ മട്ടിൽ. മറ്റു ചിലപ്പോൾ സംശയാലുവായ ഒരു ചിന്തകന്റെ മട്ടിൽ. മറ്റു ചിലപ്പോൾ അഭിമാനിതനായ ഒരാസ്വാദകന്റെ മട്ടിൽ. ഈ തരത്തിലുള്ള ആശയവിനിമയങ്ങളുടെ വിശ ദാംശം രസാവഹമാണെങ്കിലും ഇവിടെ അതിനുപ്രസക്തിയില്ല.

സി.എച്ചിന്റെ ഹൃദയവും മനസ്സും സദാ നൂതനമായ അറിവുകൾ ശേഖരിക്കാൻ ഉഴറിക്കൊണ്ടിരുന്നു. സ്വന്തം രാജ്യത്തെയും സംസ്കാരത്തെയും സാഹിത്യത്തെയും കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ ത്രസിച്ചുകൊണ്ടിരുന്നു എന്നു മാത്രമേ ഇത്രയും പറഞ്ഞതിനർത്ഥമുള്ളൂ. ഭാരതീയ സംസ്കാരത്തോടു വിമുഖതയും അനാദരവും പ്രകടിപ്പിച്ച ഒരു വർഗീയവാദിയായി അദ്ദേഹത്തെ ആരും ധരിക്കരുത്.

1963 - സി.എച്ച് മന്ത്രിയാണ്. ഞാൻ മനോരമ പത്രാധിപ സമിതിയിൽനിന്ന് രാജിവെച്ച വിവരം അറിയിച്ച് അദ്ദേഹത്തിനു കത്തെഴുതി. ഉടനെ മറുപടി കിട്ടി: ഞങ്ങൾ ഒരു ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുന്നു. അവിടേക്ക് പോ രൂ.

സർക്കാർ സ്ഥാപനങ്ങളിലേക്കു ഞാനില്ല എന്നു മറുപടി അയച്ചു. പിന്നീടദ്ദേഹം കാണണമെന്നറിയിച്ചു; കണ്ടു. കുടുംബത്തിന്റെ ക്ഷേമാന്വേഷണത്തിൽനിന്നു തുടങ്ങി എന്റെ ജീവിതം പുനഃസൃഷ്ടിക്കാനുള്ള പദ്ധതിയിലേക്കു നീണ്ടു സംസാരം. നന്ദിപൂർവം ഞാൻ പിൻവാങ്ങുമ്പോൾ അദ്ദേഹം പറഞ്ഞു: ഞാൻ സാഹിത്യ അക്കാദമിയിലേക്ക് നോമിനേറ്റ് ചെയ്യുന്നുണ്ട്.''

ഞാൻ പറഞ്ഞു: വേണ്ട, ഞാനെതിർക്കുന്ന സർക്കാറിന്റ നോമിനിയാകുന്നത് ഉചിതമല്ല. എനിക്കുവേണമെങ്കിൽ തെരഞ്ഞെടുപ്പിലൂടെ വരാം."

ഇങ്ങനെ വ്യക്തിപരമായ നൂറനുഭവങ്ങളുണ്ട്. അന്നു പി.എ സെയ്തുമുഹമ്മദ്, ടി.കെ.സി വടുതല, ടാറ്റാപുരം സുകുമാരൻ, പോഞ്ഞിക്കര റാഫിതുടങ്ങിയ സുഹൃത്തുക്കളുടെ ഒരു വലിയ സംഘമുണ്ടായിരുന്നു.

മന്ത്രിയായിരിക്കുമ്പോഴും അല്ലാതിരുന്നപ്പോഴും ആ സംഘത്തിലെ ഒരംഗമോ സുഹൃത്തോ ആയിരുന്നു സി.എച്ച്. പല സംസ്കാര സാഹിത്യ വിദ്യാഭ്യാസ പ്രശ്നങ്ങളും ആ സുഹൃത്തുക്കളുമായി ചർച്ച ചെയ്തേ തീരുമാനിച്ചിരുന്നുള്ളൂ. മുസ്ലിംലീഗുമായി ഒരു തരത്തിലും ബന്ധമില്ലാതിരുന്ന എന്നോ ടു പോലും അദ്ദേഹം ചില വിദ്യാഭ്യാസ - സാംസ്കാരിക - സാഹിത്യ കാര്യങ്ങളിൽ തീരുമാനമെടുക്കും മു മ്പ് ചർച്ച ചെയ്യാറുണ്ടായിരുന്നു. ഈ അസാധാരണമായ മഹാമനസ്സ്കത സി.എച്ചിന്റെ ഉൽകൃഷ്ടമാ യ വ്യക്തിത്വത്തിന്റെ ഒരുവശം മാ ത്രമേ ആകുന്നുള്ളൂ.

എസ്.കെ പൊറ്റെക്കാട്ട്, പി.സി. കുട്ടികൃഷ്ണൻ എന്നിവരോട് സി.എച്ചിനുണ്ടായിരുന്ന താ ൽപര്യവും സ്നേഹ ബഹുമാനവും നിസീമമായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിനോടും ടി. ഉബൈദിനോടും അഗാധസ്നേഹം പ്രകടിപ്പിക്കുമ്പോൾ അതു വർഗീയതയായി ചിത്രീകരിക്കപ്പെടാറുണ്ട്. എ ന്നാൽ പൊറ്റെക്കാട്ടിനോടും പി.സി യോടും എന്നോടുമൊക്കെ കാണിച്ച അതിരുകവിഞ്ഞ മമതാബന്ധങ്ങൾ അറിഞ്ഞവർപോലും അദ്ദേഹത്തിന്റെ മതാതീതമായ ഹൃദയ വിശാലതയെമനസ്സിലാക്കാൻ കൂട്ടാക്കിയില്ല.

സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ പ്രഗൽഭനായ സുഹൃത്തും സഹായിയുമായിരുന്നു സി.എച്ച് അ തിന്റെ കോഴിക്കോട് സമ്മേളനങ്ങൾ വിജയിപ്പിക്കാൻ അദ്ദേഹം നേതൃത്വം നൽകി. പലസമ്മേളനങ്ങളിലും അദ്ദേ ഹം അദ്ധ്യക്ഷത വഹിച്ചിട്ടുണ്ട്.

ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് സി.എച്ചിന്റെ പരിരക്ഷ ഒരിക്കലും മറക്കാനാവില്ല. കേരള ഹിസ്റ്ററി അസോ സിയേഷനും അതിന്റെ കേരള ചരിത്രനിർമാണ പദ്ധതിയും വിജയിച്ചത് സി.എച്ചിന്റെ പ്രത്യേക താൽപര്യംകൊണ്ടാണ്. കേരളസാഹിത്യ അക്കാദമിയുടെ വളർച്ചയ്ക്കു വിദ്യാഭ്യാസമന്ത്രിയെന്ന നിലയിൽ സി.എച്ച്. മറ്റാരേക്കാൾ സംഭാവന ചെയ്തിട്ടുണ്ട്.

ഏതാനും വർഷങ്ങൾക്കുമുമ്പ് ഒരിക്കൽ കായങ്കുളത്തു കാരനായ ഒരു മുസ്ലിം, അവശ സാഹിത്യകാരന്മാ ർക്കുള്ള സഹായത്തി നായി സി. എ ച്ചിനെ സമീപിച്ചു. അദ്ദേഹം ആളെ എന്റെ അടുത്തേക്കയച്ചു. രണ്ടുവരി എഴുതിയിരുന്നു: എനിക്കിദ്ദേഹത്തിന് വേണ്ടി ഒരിറ്റു കണ്ണീരു കൊടുക്കാനേ കഴിയൂ. സി.പി. ക്കോ?"

അന്ന് അദ്ദേഹത്തിന് ഒരു ചെറിയ സാമ്പത്തിക സഹായം ഒ ന്ന് രണ്ട് സ്ഥാപനങ്ങളിൽനിന്നു വാങ്ങിക്കൊടുത്തു. മറ്റൊരിക്കൽ ക്ഷയരോഗിയായ ഒരു പ്രസിദ്ധ തുള്ളൽക്കാരൻ സി.എച്ചിനെ സഹായത്തിനു സമീപിച്ചു. തുള്ളലിനെക്കുറിച്ചു വളരെയധികം ചോദിച്ചറിഞ്ഞശേഷം അദ്ദേഹത്തെ അടുത്തിരുത്തി എ ന്നെ വിളിച്ചു: ഇന്ന ആൾ ഇവിടെ വ ന്നിരിക്കുന്നു. എന്തെങ്കിലും ചെയ്തു കൊടുത്തേ കഴിയൂ. എന്താണ് വഴി?"

ഞാൻ വഴി ചൂണ്ടിക്കാണിച്ചു. അദ്ദേഹത്തിന് ഒരു അവാർഡും രണ്ടായിരം രൂപയും കിട്ടി. ഏതാനും നാളുകൾക്കകം അമുസ്ലിമായ ആ തുള്ളൽക്കാരൻ മരിക്കുകയും ചെ യ്തു. മരണവാർത്ത പത്രത്തിലറിഞ്ഞപ്പോൾ സി.എച്ച്, എന്റെ പേരിൽ ഒരു അനുശോചനം അറിയിക്കുകയും ചെയ്തു.

ഒരെഴുത്തുകാരൻ എ ന്ന നിലയിൽ യാത്രാ വിവരണ രംഗത്താണ് സി.എച്ച് ഏറ്റവും മികച്ച സംഭാവനകൾ നൽകിയിട്ടുള്ളത്. രാഷ്ട്രീയ നേതാവായി മാറിയിരുന്നില്ലെങ്കിൽ സി.എച്ച്, മഹാനായ നിരൂപകനും കഥാകൃത്തുമായേനെ.

ഒന്നാംതരം കഥകൾ, രസികൻ കഥകള ദ്ദേഹം എഴുതിയിട്ടുണ്ട്. രാഷ്ട്രീയവും സാംസ്കാരികവും സാഹിത്യപരവുമായ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്. "സോവ്യറ്റ് യൂണിയനിൽ' എന്ന സി.എച്ചിന്റെ പുസ്തകം ഭാരതീയ വിദ്യാഭവനിൽ വെച്ചു പ്രകാശനം ചെയ്തപ്പോൾ ഞാനും പ്രസംഗിക്കുകയുണ്ടായി. ആ പുസ്തകം വളരെ ചെറു തായിപ്പോയി എന്ന് ഞാൻ പരാതി പറഞ്ഞു.

സി.എച്ച് പറഞ്ഞു: ചെറുതായതിന് ഞാൻ കുറ്റക്കാരനല്ല; അ നത്രയേ പറയാനുണ്ടായിരുന്നുള്ളൂ.” അത്രയേ പറയണമെന്നു തോന്നിയുള്ളൂ, എഴുത്തിൽ സി.എച്ചിന്റെ മാനിഫെസ്റ്റോ ആണിത്. ("എന്റെ ഹജ്ജ് യാത്ര' ഇതിനകം പല പതിപ്പുകളായി ഇംഗ്ലീഷിലുൾപ്പെടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.). 'ലോകം ചുറ്റികണ്ടു', 'കോ-ലണ്ടൻ കെയ്റോ', 'ഞാൻ കണ്ട മലേഷ്യ', 'ശ്രീലങ്കയിൽ അഞ്ചു ദിവസം' തുടങ്ങിയ അരഡസൻ യാത്രാവിവരണ ഗ്രന്ഥങ്ങളുണ്ട് സി.എച്ചിന്റേതായി.

യാത്രാ വിവരണത്തെ വസ്തുനിഷ്ഠമായ വിവരങ്ങൾകൊണ്ടു വീർപ്പിക്കുകയല്ല, ഉള്ളിൽ പതിഞ്ഞ കാര്യങ്ങൾ സർഗാത്മക സാഹിത്യകാരന്റെആത്മാവിഷ്ക്കാരഭാവത്തോടെ അവതരിപ്പിക്കുകയായിരുന്നു സി.എച്ചിന്റെ പതിവ്.