VOL 03 |

വാർധക്യകാലത്തെ സുഹൃത്ത്; സഹായി

By: ഇ. മൊയ്തുമൗലവി

വാർധക്യകാലത്തെ  സുഹൃത്ത്; സഹായി
വ്യത്യസ്തമായ രണ്ട് ചേരികളിലാണ് ഞാനും സി.എച്ച് മുഹമ്മദ്കോയയും നിന്നിരുന്നത്. ചിന്താഗതിയിലുള്ള അഭിപ്രായ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ് അതുണ്ടായത്. ഞാൻ കോൺഗ്രസ് ചേരിയിലും മുഹമ്മദ്കോയ ലീഗ് അണിയിലുമായിരുന്നു. ഞങ്ങൾ തമ്മിൽ അധരസമരവും തൂലികാസമരവും മുറക്ക് നടന്നിട്ടുണ്ട്. ര ണ്ട് ധ്രുവങ്ങളെപ്പോലെ വളരെ അകന്നകന്നായിരുന്നു ഞങ്ങൾ നിലയുറപ്പിച്ചിരുന്നത്. പെട്ടെന്നൊരു ദിവസം ആ സ്ഥിതിയിൽ ആ കമാനം വിചാരിക്കാത്തവിധം മാറ്റം സംഭവിച്ചു. ഇത് എന്നെ സംബബന്ധിച്ചിടത്തോളം അത്ഭുതാവഹമായ ഒരു സംഭവമായിരുന്നു.

രണ്ടുവർഷം മുമ്പ്, കലശലായരോഗം ബാധിച്ച് ഡോ. എം.കെ മുഹമ്മദ്കോയയുടെ ചികിത്സയിൽ ഞാൻ കലിക്കറ്റ് നഴ്സിംഗ് ഹോമിൽ കിടക്കുകയാണ്. ഒരുദിവസം മധ്യാഹ്ന വേളതിലാണെന്ന് തോന്നുന്നു, ഒരു സുമുഖൻ അസ്സലാമുഅലൈക്കും എന്നു പറഞ്ഞ് എന്റെ മുറിയിലേക്ക് പ്രവേശിക്കുന്നു. ഞാൻ കിടന്നിരുന്ന കട്ടിലിൽ അദ്ദേഹം ഇരിക്കുകയും ചെയ്യുന്നു. കൂടെ. മുഹമ്മദ്കോയയും ഉണ്ടായിരുന്നു. അദ്ദേഹം പരിചയപ്പെടുത്തി: ഇത് മന്ത്രി സി.എച്ച് മുഹമ്മദ്കോയാ സാഹിബാണ്. നിങ്ങളെ കാണാ ൻ വന്നതാണ്.”

അപ്പോൾ മാത്രമേ എനിക്ക് ആളെ മനസ്സിലായുള്ളൂ. കാഴ്ചക്കും കേൾവിക്കും തകരാറ് സംഭവിച്ചിട്ടുണ്ടായിരുന്നു. ഉടനെ ഞാൻ കോയാസാഹിബിനെ കെട്ടിപ്പിടിച്ചു. വികാര ഭരിതമായിരുന്നു ആ രംഗം. അന്ന് സി.എച്ച് മുഖ്യമന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യാപിതാവും അതേ നഴ്സിംഗ്ഹോമിൽ അപ്പോൾ ചികിത്സയിലായിരുന്നു. പിന്നീട് ഒന്നു രണ്ട് !പ്രാവശ്യംകൂടി കോയാസാഹിബ് നഴ്സിംഗ് ഹോമിൽ വന്ന് എന്നെ സന്ദർശിക്കുകയുണ്ടായി. ഈ സന്ദ ർശനമായിരുന്നു വളരെ അകലത്തിൽ നിന്നിരുന്ന ഞങ്ങൾ തമ്മിൽ പെട്ടെന്ന് അടുക്കുവാനുള്ള ആരംഭം കുറിച്ചത്.

മുഹമ്മദ് കോയാ സാഹിബിന്റെ നിര്യാണം കാരണം ഞാനനുഭവിച്ച ദുഃഖം അതിരറ്റതാണ്. ആ വാർത്തകേട്ട് ഞാനാകെ തളർന്നുപോയി. 38 വർഷം മുമ്പ് ഇങ്ങനെ ഒരു തീരാദുഃഖം എനിക്കുണ്ടായിട്ടുണ്ട്. അതിപ്പോഴും എന്റെ ഹൃദയത്തിൽ തളംകെട്ടി നിൽക്കുന്നു. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബും ഞാനുമായി നീണ്ട 25 കൊല്ലത്തെ ബന്ധമുണ്ട്. എല്ലാ രംഗങ്ങളിലും, ജയിലിലും ഞങ്ങൾ ഒരുമിച്ച് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വേർപാടുമൂലമുണ്ടായ ദുഃഖമാണത്. സി.എച്ചുമായുള്ള ബന്ധം അത്ര നീണ്ടതല്ല. ഏതാണ്ട് മൂന്ന് കൊല്ലത്തിൽ താഴെ മാത്രമേ അതിന് ദൈർഘ്യമുള്ളു. എന്നിരുന്നാലും ആ ബന്ധത്തിന് വളരെ ആഴവും വ്യാപ്തിയും ഉണ്ടായിരുന്നു. ഹൃദയത്തിന്റെ ഉള്ളിലേക്ക് അത് തുളച്ചുകയറി. കുറഞ്ഞകാലംകൊണ്ട് സി.എച്ച് എന്റെ കുടുംബത്തിലെ ഒരംഗമെന്ന നിലയിലെത്തി.

എന്നെ അദ്ദേഹം പിതാവിനെപ്പോലെ പരിഗണിക്കുകയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. എന്റെ സ്ഥിതിയും അതിൽനിന്ന് ഒട്ടും വ്യത്യസ്തമല്ലായിരുന്നു. ഞാനദ്ദേഹത്തെ സ്വപുത്രനെ പോലെ പരിഗണിച്ചുപോന്നു. ഞങ്ങൾ തമ്മിലുള്ള ബന്ധത്തെ തറപ്പിച്ചുപറഞ്ഞുകൊണ്ട് അദ്ദേഹം എനിക്കെഴുതുമായിരുന്നു. വാർധക്യ കാലത്തെ എന്റെ സുഹൃത്തും സഹായിയുമായിരുന്നു സി.എച്ച്.

1983 സെപ്തംബർ 28-ാം തീയതിയാണ് സി.എച്ച് മുഹമ്മദ് കോയാ സാഹിബ് നശ്വരവും ദുഃഖഭൂയിഷ്ടവുമായ ഈ ലോകവുമായുള്ള ബന്ധം വേർപെടുത്തി സുഖ സമ്പൂർണവും ശാശ്വതവുമായ ലോകത്തേക്ക് യാത്രയായത്. പോകുന്നതിന് മുമ്പായി, സെപ്തംബർ 17-ാം തീയതി എനിക്കദ്ദേഹം ഒരു കത്തെഴുതി. അതാണ് സി. എച്ചിൽ നിന്ന് എനിക്ക് അവസാനമായി കിട്ടിയ കത്ത്. സ്വാതന്ത്ര്യ സമര സേനാനികൾക്ക് ചികിത്സാ സൗകര്യം നൽകാൻ മുഖ്യമന്ത്രിക്ക് താൻ എഴുതുന്നുണ്ടെന്ന് ആ കത്തിൽ വ്യക്തമാക്കിയിരുന്നു.

അവസാനമായി ചന്ദ്രികാ പ്രവർത്തകരെ ഞാൻ അഭിനന്ദിക്കട്ടെ. സി.എച്ച് മുഹമ്മദ്കോയാ സാഹിബിന്റെ സംഭവബഹുലമായ ജീവചരിത്രം ക്രോഡീകരിച്ച് ഒരു സ്മാരക ഗ്രന്ഥം പുറത്തിറക്കാനുള്ള അവരുടെ പരിശ്രമം സ്തുത്യർഹമാണ്.

സി.എച്ച് അധികകാലം ജീവിച്ചില്ല. വിധി അതായിരുന്നു. പക്ഷേ ചുരുങ്ങിയ കാലയളവിനുള്ളിൽത്തന്നെ അതിഗംഭീരങ്ങളായ പലതും അദ്ദേഹം ചെയ്തിട്ടുണ്ട്.

കൈവച്ച രംഗങ്ങളിലെല്ലാം സി.എച്ചിന് വിജയം തന്നെയാണ് ഉണ്ടായിട്ടുള്ളത്. ഒന്നിലും തോറ്റില്ല. മൃത്യുവിനല്ലാതെ അദ്ദേഹത്തെ പരാജയപ്പെടുത്താൻ സാധിച്ചില്ല. വിജയത്തിന്റെ മേൽവിലാസം വാരിക്കൂട്ടിയ അത്ഭുത വ്യക്തിയാണ് സി.എച്ച്. കേരളത്തിൽ അങ്ങനെയുള്ള നേട്ടം കൈവരിക്കാൻ മറ്റാർക്കും കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ പരലോക മോക്ഷത്തിനായി പ്രാർത്ഥിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.