VOL 03 |

സൂര്യശോഭയോടെ സി.എച്ച് സ്മരണ

By: ടി.പി.എം. ബഷീർ

സൂര്യശോഭയോടെ  സി.എച്ച് സ്മരണ
സി.എച്ച്.മുഹമ്മദ് കോയ സാഹിബ് വിട പറഞ്ഞിട്ട് 42 വർഷമായി.1983 സെപ്തംബർ 28-ന് ഹൈദരാബാദിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ വിയോഗം അത്തോളി എന്ന ഗ്രാമത്തിൽ ഉദിച്ച് കേരള രാഷ്ട്രീയ നഭോമണ്ഡലത്തിൽ പ്രകാശം പരത്തി നവാബിന്റെ നാടായ ഹൈദരാബാദിൽ അസ്തമിച്ച സൂര്യതേജസ്സാണ് സി.എച്ച്.

സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ ജനകീയതയും കെ.എം.സീതി സാഹിബിന്റെ ധൈഷണികതയും ഒത്തു ചേർന്ന, സർ സയ്യിദിന്റെ ദർശനവും അല്ലാമാ ഇഖ്ബാലിന്റെ സർഗതയും സമ്മേളിച്ച, മൗലാനാ മുഹമ്മദലി ജൗഹറിന്റെ സമുദായ സ്നേഹം സന്നിവേശിച്ച വ്യക്തിപ്രഭാവമായിരുന്നു സി.എച്ച്.

കേരളീയ മുസ്ലിം സമൂഹത്തിന്റെ വിമോചന നായകനായി,വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ പ്രചാരകനായി, സാമൂഹിക പരിവർത്തനത്തിന്റെ വിധാതാവായി സി.എച്ച്. തന്റെ ജീവിതം അടയാളപ്പെടുത്തി.

കേവലം 56 വർഷം മാത്രമാണ് സി.എച്ച് ജീവിച്ചത്. മുപ്പതാമത്തെ വയസ്സിലാണ് സി.എച്ച്. നിയമസഭാംഗമാകുന്നത്. പാർലമെന്ററി ജീവിതത്തിന്റെ ഭാഗമായത് 26 വർഷം മാത്രം. എന്നാൽ ഒരു നൂറ്റാണ്ട് കൊണ്ട് നിറവേറ്റാവുന്ന വിപ്ലവമാണ് ഈ കാലയളവിൽ സി.എച്ച്.സാധ്യമാക്കിയത്.

സ്വസമുദായ നവോത്ഥാനത്തിനും പാർശ്വവൽകൃത ഇതര സമൂഹങ്ങളുടെ പുരോഗതിക്കും വേണ്ടി സമർപ്പിക്കപ്പെട്ട ജീവിതം എന്നതു കൊണ്ടാണ് വിട പറഞ്ഞ് നാല് പതിറ്റാണ്ടിനിപ്പുറവും സി.എച്ച്. ഒരു വികാരമായി നമ്മിൽ നിറയുന്നത്. അദ്ദേഹത്തിന്റെ ഓർമ്മകൾ സൂര്യശോഭയോടെ അനശ്വരത നേടും.

സി. എച്ചിന്റെ വിയോഗത്തിനു ശേഷം അദ്ദേഹത്തെക്കുറിച്ച് പല പ്രമുഖരും എഴുതിയ ഓർമ്മകളും അനുഭവങ്ങളും പുന:പ്രസിദ്ധീകരിച്ചു കൊണ്ടാണ് ‘പച്ച’ സി.എച്ച് പതിപ്പ് തയ്യാറാക്കിയത്. സി.എച്ചിന്റെ ദീപ്തമായ ഓർമ്മകൾക്ക്
‘പച്ച’യുടെ ഉപഹാരം.

പ്രാർത്ഥനകളോടെ,
ടി.പി.എം. ബഷീർ
(എഡിറ്റർ)